എൻഡോസൾഫാൻ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം വിഷയത്തിൽ സർക്കാർ സാധിക്കുന്നത് എല്ലാം ചെയ്യുന്നുണ്ടെന്നും ഇന്ന് റവന്യൂമന്ത്രി നടത്തുന്ന ചർച്ചയിൽ കൂടുതൽ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. എൻഡോസൾഫാൻ ഇരകളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
എൻഡോസൾഫാൻ ഇരകളോട് സർക്കാർ അളവറ്റ കാരുണ്യമാണ് കാട്ടിയിട്ടുള്ളതെന്ന്, വിവിധ ഘട്ടങ്ങളിലായി അനുവദിച്ച തുകയും ആശ്വാസ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാൻ സമരത്തിന് നേതൃത്വം നൽകുന്ന ദയാബായി മാന്യയായ സാമൂഹിക പ്രവർത്തകയാണ്. അവരുടെ സമരത്തെ ഗൗരവമായി കാണുന്നു. റവന്യൂ മന്ത്രി ഇന്ന് സമരക്കാരുമായി നടത്തുന്ന ചർച്ചയിൽ ഇരകൾക്ക് ആശ്വാസകരമായ കൂടുതൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയ അവതരണത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ റവന്യൂമന്ത്രി അല്ല മുഖ്യമന്ത്രിയാണ് ഇരകളുമായി ചർച്ച നടത്തേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.