തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസിന്‍റെ മിന്നൽ പരിശോധന. സർക്കാർ - എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റുകൾ സ്കൂള്‍ പ്രവേശനസമയത്ത് അനധികൃതമായി പണം പിരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന. ഓപ്പറേഷൻ ഈഗിൾ വാച്ച് എന്ന പേരിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ലയിൽ നടത്തിയ പരിശോധനയിൽ ലജനത്തുൾ മുഹമ്മദിയ ഹയർ സെക്കന്‍ററി സ്കൂളിൽ നിന്നും 3.17 ലക്ഷം രൂപ പിടികൂടി. ജില്ലയിലെ വിവിധ മാനേജുമെന്‍റ് സ്കൂളുകളിൽ കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്.
വട്ടപ്പാറ എൽഎംഎസ് ഹയർ സെക്കന്‍ററി സ്കൂളിൽ സ്മാർട് ക്ലാസ് തുടങ്ങാൻ 40,000 രൂപ പിരിച്ചു വച്ചിരിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
തിരുവല്ല ഡിബിഎച്ച്എസ്എസിൽ പിടിഎ ഫണ്ടിന് പുറമേ കുട്ടികളിൽ നിന്നും പിരിക്കുന്ന 10,00 രൂപ ബാങ്ക് അക്കൗണ്ടിൽ നിഷേപിക്കാതെ സ്കൂളുകളിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വിജിലൻസ് കണ്ടെത്തി.
മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
നിയമന അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് ജീവനക്കാർ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്ന് വിജിലൻസ് പറയുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഈഗിൾ വാച്ച് മിന്നൽ പരിശോധന നടത്തുന്നത്.