വസ്തുത അറിയാതെ വിഷയം വിവാദമാക്കി : മോൻസ് ജോസഫ്
സ്പീക്കർക്ക് നൽകിയ കത്തിലെ ഉള്ളടക്കം അറിയാതെയാണ് ചിലർ അതിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് മോൻസ് ജോസഫിന്‍റെ വിശദീകരണം. പിജെ ജോസഫിനെ പാർട്ടി ചെയർമാനായി ഔദ്യോഗികമായി തെരഞ്ഞെടുത്തുവെന്നല്ല കത്തിൽ ഉള്ളത്. ചെയർമാന്‍റെ അഭാവത്തിൽ ചുമതല വർക്കിംഗ് ചെയർമാനാണ്. കെഎം മാണി സ്വീകരിച്ചിരുന്ന അഭിപ്രായ സമന്വയത്തിന്റെ പാത നേതാക്കൾ പിന്തുടരണം. പാർട്ടിയെ ഇനിയൊരു ഭിന്നിപ്പിലേക്ക് കൊണ്ട് പോകാനാകില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
സീനിയോറിറ്റി ഓർമ്മിപ്പിച്ച് പിജെ ജോസഫ്
ഒരിക്കൽ ചെയർമാൻ സ്ഥാനം ഓർമ്മിപ്പിച്ചപ്പോൾ സീനിയർ താനല്ലേയെന്ന് കെഎം മാണി ചോദിച്ചെന്നും അത് കൊണ്ടാണ് വർക്കിങ് ചെയർമാൻ ആയതെന്നും സഭയിൽ മാണി അനുസ്മരണത്തിനിടെ പിജെ ജോസഫ് പറഞ്ഞു. കക്ഷി നേതാവില്ലെങ്കിൽ ഉപനേതാവാണ് പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് എന്നതാണ് കീഴ്വഴക്കം. ഇത് അറിയാതെയാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകിയതെന്നും പി ജെ ജോസഫ് പറഞ്ഞു.
ജൂൺ ഒമ്പതിനകം സഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണം: സ്പീക്കർ.
നിയമസഭ കക്ഷി നേതാവിനെ സംബന്ധിച്ച് കേരള കോൺഗ്രസിൽ അവ്യക്തതയുണ്ടെന്ന് ബോധ്യമായെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. രണ്ട് കത്തുകൾ ലഭിച്ചത് ഇതിന്റെ ഭാഗമാണ്. പിജെ ജോസഫിന് നിയമസഭയിൽ കക്ഷി നേതാക്കൾക്ക് ഒപ്പം മുൻ നിരയിൽ ഇരിപ്പിടമൊരുക്കി. മുൻ നിര സീറ്റുകൾ ഒഴിച്ചിടാനാവാത്തത് കൊണ്ടാണ് കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം താൽകാലികമായി വഹിക്കുന്നതിനാൽ പിജെ ജോസഫിന് സീറ്റ് അനുവദിച്ചതെന്നും സ്പീക്കർ.