തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് രണ്ടര മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.
വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതൽ പത്ത് മണി വരെയും വൈകിട്ട് ഏഴ് മണി മുതൽ എട്ട് മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.