തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്‍റ്സ് മാര്ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനായി പരിപാടി നിശ്ചയിച്ചിരുന്നത്.
മെയ് ആറുമുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കുള്ള മാര്‍ക്കറ്റ് പദ്ധതിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ചടങ്ങിന് അനുമതി നിഷേധിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സര്‍ക്കാരിന് കത്ത് നൽകി. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് ടീക്കാറാം മീണയുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് അനുമതി തേടി ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ഒപ്പു വച്ച കത്ത് ഇലക്ഷൻ വിഭാഗത്തിന് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നിർബന്ധമെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കത്തിൽ ടിക്കാറാം മീണ അറിയിച്ചു.