ശബരിമല യുവതി പ്രവേശനം ആഘാതമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജനങ്ങളുടെ മനസ് മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു. പാർട്ടിയുടെ സ്വതന്ത്രമായ ശക്തിയും, രാഷ്ട്രീയ ഇടപെടൽ ശേഷിയും വലിയതോതിൽ ക്ഷയിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. വനിതാമതിലിന് ശേഷം ശബരിമലയിൽ സ്ത്രീകള്‍ കയറിയത് യുഡിഎഫും ബിജെപിയും ഉപയോഗപെടുത്തി. ഇത് അണികള്‍ക്ക് ആഘാതമായി. ജനങ്ങളുടെമനസ് മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടത് ഗൗരവകരമാണ്. യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുണ്ടാക്കുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസുകളിൽ യുഡിഎഫിന‌് അനുകൂലമായ ചുവടുമാറ്റത്തിന‌് ഇടയാക്കി. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന‌് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന‌് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തിരിച്ചടികളിൽ നിന്ന് വർധിത ഊർജത്തോടെ ദൗർബല്യങ്ങളെ പാർട്ടി മറികടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട‌് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം അംഗീകരിച്ചു