തിരുനവനന്തപുരം: കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബായി വികസിപ്പിച്ച് ഏവിയേഷന്‍ വ്യവസായത്തിന്‍റെ സാധ്യതകള്‍ സംസ്ഥാനത്ത് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉള്ളത് കേരളത്തിലാണ്. എന്നാല്‍ കുത്തനെ ഉയരുന്ന യാത്രാ നിരക്ക് വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ഏറെയുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നമാണ്.
ഓണം, ക്രിസ്തുമസ്, ഈദ് എന്നീ ഉത്സവ സീസണുകളില്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു. വിമാന യാത്രാ നിരക്ക് ക്രമാതീതമായി ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള കേരള ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് നിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളുടെയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതോടൊപ്പം ഇവിടെ നിന്നും വിദേശ ഫ്ലൈറ്റുകളുടെ സര്‍വീസിനും അനുമതി ആവശ്യമാണ്. നിര്‍ത്തലാക്കിയ കോഴിക്കോട് - ഹൈദരാബാദ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണം. ഇവിടെ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.