തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരത്തെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട് വ്യാപാരികള്‍ ആരംഭിച്ച ക്ലീൻ നെയ്യാറ്റിൻകര, ഗ്രീൻ നെയ്യാറ്റിൻകര പദ്ധതിക്ക്
തുടക്കം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റും, നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വ്യാപാര സ്ഥാപനത്തിന്‍റെയും പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന്‍റെയും അവ സംസ്കരിക്കുന്നതിന്‍റെയും ഉത്തരവാദിത്വം വ്യാപാരികളിൽ നിക്ഷിപ്തമാണെന്ന സന്ദേശമുയർത്തി കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പുറംതള്ളുന്ന ജൈവ മാലിന്യങ്ങൾ ബാരലിന് 150 രൂപയും പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് 60 രൂപയും നൽകിയാൽ നഗരസഭ ഇവ നീക്കം ചെയ്യും. ഇതിനായി വികെആർ എന്ന സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു.
പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടാൽ 2000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും. ഇതിനായി നിരീക്ഷണ ക്യാമറകളും ഉപയോഗിക്കും. പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളോട് ചേര്‍ന്ന് ചെടികള്‍ വച്ചുപിടിപ്പിക്കും. നഗരസഭാ ചെയർപേഴ്‌സണ്‍ ഹീബ വ്യാപാരികൾക്ക് പച്ചക്കറി വിത്തുകളും ലഘുലേഖകളും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയപാതയിലെ മാലിന്യക്കൂമ്പാരവും നീക്കം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ കെ ഷിബുവും പരിപാടിയില്‍ പങ്കെടുത്തു.