ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ പാർട്ടി ഓഫീസുകളും രക്തസാക്ഷി മണ്ഡപങ്ങളും കൊടിമരങ്ങളും തകർത്തവരെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കായംകുളത്ത് യൂത്ത് കോൺഗ്രസ് പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡിവൈഎസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തച്ചടി സ്മാരക കോൺഗ്രസ് ഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ക്രിമിനലുകളാണ് കോൺഗ്രസ് ഭവൻ ആക്രമിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇവർക്ക് സിപിഎം പാർട്ടി ഓഫീസിലാണ് അഭയം നൽകിയിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് സിപിഎം നിർദേശപ്രകാരമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കായംകുളം കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഡിവൈഎസ്പി ഓഫീസിനുമുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രസിഡന്‍റ് സൽമാൻ പോന്നേറ്റിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ - മണ്ഡലം നേതാക്കളും നിരവധി പ്രവർത്തകരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.