ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയോടുള്ള കേരള സർക്കാർ അവഗണനക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ രാപ്പകല്‍ സമരം ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. ശരത്തിന്‍റെ നേതൃത്വത്തിലാണ് രാപ്പകൽ ഉപവാസ സമരം. സമരത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം എൻഎസ്‌യു മുൻ സെക്രട്ടറി ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്തുക, കാഷ്വാലിറ്റി ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം 24 മണിക്കൂർ ആക്കുക, ഐസിയു യൂണിറ്റ് അനുവദിക്കുക, സിടി സ്കാൻ ഡിജിറ്റൽ എക്‌സ്‌റേ സംവിധാനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കുക, പാരാമെഡിക്കൽ സർവീസ് ഒഴിവുകൾ നികത്തുക, പ്രഥമ ശുശ്രൂഷ മരുന്നുകളുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് എൻ.പി വിമൽ അധ്യക്ഷത വഹിച്ചു.