ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. 2017ലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയത്തും 2021ലെ നിയമസഭ പൊതുതെരഞ്ഞെടുപ്പ് സമയത്തും നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ റെയിൽ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഈ കാലയളവിൽ മന്ത്രിക്ക് ഇത്രയേറെ സ്വത്ത് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ അത് ഒന്നുകിൽ മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചതാവാം അതല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചതാവാം എന്നാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ആരോപണം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ട്.
ALSO READ ഇടുക്കിയിലെ ഭൂമി പ്രശ്‌നം: റവന്യൂ മന്ത്രിക്കെതിരെ സിപിഎം ജില്ല സെക്രട്ടറി