ആലപ്പുഴ: നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം. മുല്ലക്കൽ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് കച്ചവടത്തിനെത്തിയ രാജസ്ഥാൻ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ഇവരുടെ നാല് വയസുള്ള കുട്ടിക്ക് നേരെയും അക്രമമുണ്ടായി. കൊടുങ്ങല്ലൂർ സ്വദേശി വിനോദാണ് ആക്രമിച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ കോടതിക്ക് എതിർവശമുള്ള കടയിലെ താൽകാലിക ജീവനക്കാരനാണ് വിനോദ്.
കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന സ്‌ത്രീയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഒപ്പം കിടന്നിരുന്ന കുട്ടി നിലവിളിച്ചതോടെ ഭാരമുള്ള വസ്‌തു ഉപയോഗിച്ച് കുട്ടിയുടെ തലക്കടിച്ചു. മുമ്പും രണ്ട് തവണയായി വിനോദ് അതിക്രമത്തിന് ശ്രമിച്ചിരുന്നുവെന്ന് സ്ത്രീ പൊലീസിൽ മൊഴി നൽകി.
സംഭവത്തെക്കുറിച്ച് സ്ത്രീ നാട്ടുകാരോട് പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസും ചൈൾഡ് ലൈൻ പ്രവർത്തകരുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഒളിവിൽ പോയ വിനോദിനായി ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.