ആലപ്പുഴ: ജീവന് ഭീഷണിയുണ്ടെന്ന് മന്ത്രി ജി സുധാകരനെതിരെ പരാതി നൽകിയ എസ്എഫ്ഐ മുൻ നേതാവും മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യയുമായ യുവതി. മന്ത്രിക്കെതിരെ പരാതി നൽകിയത് മുതൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പല കോണുകളിൽ നിന്നും സമ്മര്‍ദമുണ്ട്. തനിക്കും കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മന്ത്രിക്കെതിരായ പരാതിയുടെ പേരിൽ തങ്ങളെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണം. ജീവിക്കാൻ അനുവദിക്കണമെന്നും യുവതി പറഞ്ഞു. ഏപ്രിൽ 11ന് നടത്തിയ വാർത്താസമ്മേളനം 14ന് രാത്രിയാണ് തന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ താൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മൊഴിയെടുക്കാൻ പൊലീസ് തയ്യാറായത്. മന്ത്രിയുടെ സമ്മർദത്തെ തുടർന്ന് പൊലീസ് കേസെടുക്കാൻ മടിക്കുകയാണെന്നും യുവതി ആരോപിച്ചു. പൊലീസ് തന്‍റെ പരാതിയിന്മേൽ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.
Also read: ജി സുധാകരനെതിരായ പരാതി; തെളിവ് ഹാജരാക്കാൻ പരാതിക്കാരിയോട് പൊലീസ്
തന്‍റെ അമ്മ മന്ത്രിയോട് പരാതി പറഞ്ഞിട്ടില്ല. പറയേണ്ടയിടത്തും പറയേണ്ടാത്തിടത്തും തങ്ങളെക്കുറിച്ച് മന്ത്രി ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. പൊളിറ്റിക്കൽ ക്രിമിനലിസത്തെറ്റിയുള്ള സംസാരത്തിനിടെ എന്തിനാണ് തങ്ങളെക്കുറിച്ച് മന്ത്രി പരാമർശം നടത്തിയതെന്ന് മനസിലാകുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. ഭർത്താവിനെ പേഴ്സണല്‍ സ്റ്റാഫ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നിൽ ജാതീയമായ കാരണങ്ങളാണുള്ളത്. അതല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ല.
Also read: ജി സുധാകരനെതിരെ ഒളിയമ്പുമായി പ്രതിഭ ; പ്രതിഷേധമുയർന്നതോടെ പോസ്റ്റ് മുക്കി
ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് മന്ത്രി നടത്തിയത്. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഭർത്താവ് വേണുഗോപാൽ, ഒരു നായർ യുവതിയെ വിവാഹം ചെയ്തെന്ന് മന്ത്രി പറഞ്ഞതായും യുവതി ആരോപിച്ചു. ഇത് ആദ്യമായല്ല തങ്ങൾക്കെതിരെ മന്ത്രി ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രി മാപ്പ് പറയണം. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും യുവതി വ്യക്തമാക്കി.