ആലപ്പുഴ: ഏറെ വ്യത്യസ്‌തമായ വിവാഹത്തിനാണ് വണ്ടാനം മെഡിക്കൽ കോളജ് സാക്ഷ്യം വഹിച്ചത്. കൊവിഡ് ബാധിതനായ ശരത്തിൻ്റെയും തെക്കൻ ആര്യാട് സ്വദേശിനി അഭിരാമിയുടെയും വിവാഹമാണ് മെഡിക്കൽ കോളജിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ നടന്നത്. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ആവശ്യത്തിന് ജില്ല ഭരണകൂടം അനുമതി നൽകിയതോടെ ഐസൊലേഷൻ വാർഡ് കതിർമണ്ഡപമായി മാറുകയായിരുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന ശരത്ത് തൻ്റെ വിവാഹത്തിനായി 17 ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ക്വാറൻ്റൈനിൽ കഴിയവെ ദിവസങ്ങൾ മുൻപ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ശരത്തുമായി സമ്പർക്കത്തിലേർപ്പെട്ട അമ്മ ജിജിയും രോഗബാധിതയായതിനെ തുടർന്ന് ഇരുവരേയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ നിശ്ചയിച്ച ദിനത്തിൽ നിന്ന് വിവാഹം മാറ്റിവയ്ക്കണമെന്ന അവസ്ഥ വന്നപ്പോൾ ബന്ധുക്കൾ ജില്ല ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. അധികൃതര്‍ അനുമതി നൽകിയതോടെ ഇരുവരുടെയും സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്‌തു.
12 നും 12.15 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം. 12മണിയോടെ വധുവും ബന്ധുക്കളും ആശുപത്രിയിലെത്തി. തുടർന്ന് ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വധുവും ഒരു ബന്ധുവും പിപിഇ കിറ്റ് ധരിച്ച് അകത്തേക്ക്. കൊവിഡ് വാർഡിലെ ജീവനക്കാർ ഒരുക്കിയ സ്ഥലത്ത് വധൂവരന്മാരെത്തി. അമ്മ ജിജിയാണ് വരന് വരണമാല്യവും താലിയും എടുത്ത് നൽകിയത്. ചടങ്ങിന് അമ്മയും വധുവിൻ്റെ ബന്ധുവും ആശുപത്രി ജീവനക്കാരും സാക്ഷികൾ. മുഹൂർത്തമായതോടെ പരസ്‌പരം വരണമാല്യം ചാർത്തി അമ്മയുടെ അനുഗ്രഹവും വാങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും പുറത്തേക്ക് നീങ്ങി.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും സൗകര്യവും ആശുപത്രി അധികൃതർ ഒരുക്കിയെന്നും വളരെ അനുഭാവപൂർണമായ നിലപാടാണ് സൂപ്രണ്ടും ജില്ല ഭരണകൂടവും സ്വീകരിച്ചതെന്നും വധുവിൻ്റെ കുടുംബസുഹൃത്ത് സണ്ണി പറഞ്ഞു. സാഹചര്യം മനസിലാക്കുന്നുവെന്നും വിവാഹത്തിന് അനുമതി നൽകിയവരോട് നന്ദിയുണ്ടെന്നും വധു അഭിരാമി പറയുന്നു. ചടങ്ങുകളെല്ലാം മംഗളമായി നടന്നതോടെ കൊവിഡിനെ അതിജീവിച്ചുള്ള ശരത്തിൻ്റെ വരവിനായുള്ള കാത്തിരിപ്പിലാണ് നവ വധു അഭിരാമി.