ആലപ്പുഴ: കോർപ്പറേറ്റുകളെയും, കുത്തകകളെയും പ്രീണിപ്പിക്കുന്ന സമീപനത്തിന്റെ കാര്യത്തിൽ നരേന്ദ്ര മോദിയും, പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള അവകാശം. നരേന്ദ്രമോദിയും കൂട്ടരും മതത്തിന്റെ പേരിൽ ജനങ്ങളുടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുമ്പോൾ, പിണറായിയും കൂട്ടരും രാഷ്ട്രീയത്തിന്റെ പേരിലാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുന്നത്. ജനാധിപത്യവും, മതേരത്വവും ഇല്ലാതാക്കി രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കാണ് നരേന്ദ്രമോദി നയിക്കുന്നത്. താൻ കമ്മ്യൂണിസ്റ്റ് വിരോധിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്‍റേതായ പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വി.എം സുധീരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് എം.ലിജു നയിക്കുന്ന പദയാത്രയുടെ ചേർത്തലയിലെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ദാമോദരന്‍ കാളാശേരിയുടെ ചിത്രത്തില്‍ പുഷ്‌പ്പാര്‍ച്ചന നടത്തിയായിരുന്നു അഞ്ചാം ദിനത്തിന്‍റെ തുടക്കം. കെപിസിസി സെക്രട്ടറി എ.ത്രിവിക്രമന്‍ തമ്പി എം.ലിജുവിനു പതാക കൈമാറി. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പിന്നിട്ട് ചേര്‍ത്തല നഗരത്തിലാണ് പര്യടനം സമാപിച്ചത്.