ആലപ്പുഴ : Viral Xmas Star: ക്രിസ്‌തുവിന്‍റെ ജന്‍മദിനം പലരീതിയിലാണ് ലോകമെമ്പാടും കൊണ്ടാടുന്നത്. ക്രിസ്‌മസ് ആയാൽ പുൽക്കൂട് ഒരുക്കലും നക്ഷത്രം തൂക്കലുമെല്ലാമായി ആകെയൊരു മേളമാണ്. വിശിഷ്യാ മലയാളികൾക്ക്. എന്നാൽ തിരുപ്പിറവിയുടെ സന്തോഷം വിളിച്ചോടുന്ന ആഘോഷങ്ങള്‍ ചിലപ്പോഴെങ്കിലും ആർഭാടകരവും മാലിന്യപൂർണവും ആകാറുണ്ട്. ആഘോഷങ്ങൾക്ക് ശേഷം പലപ്പോഴും പ്ലാസ്‌റ്റിക്കും പേപ്പറുകളുമുടങ്ങുന്ന ശേഷിപ്പുകള്‍ കുമിഞ്ഞുകൂടും.
ഇത് ഒഴിവാക്കി വേണം പരിപാടികള്‍ സംഘടിപ്പിക്കാൻ എന്ന ആശയമാണ് മുഹമ്മയിൽ പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ ആഘോഷങ്ങള്‍ നടത്താന്‍ സെന്‍റ് ജോര്‍ജ്ജ് പള്ളി ഭാരവാഹികളെ പ്രേരിപ്പിച്ചത്. പ്രകൃതിയോട് ചേരാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് കയര്‍ കൊണ്ടുള്ള ക്രിസ്‌മസ് നക്ഷത്രം ഒരുക്കിയതെന്ന് ഭാരവാഹികൾ പറയുന്നു. 40 കിലോ കയർ ഉപയോഗിച്ചാണ് ഈ കൂറ്റൻ ക്രിസ്‌മസ് നക്ഷത്രത്തിന്‍റെ നിർമാണം. നക്ഷത്രം ഒരുക്കാൻ മുന്നിട്ടിറങ്ങിയത് ഇടവകയിലെ കുട്ടികളും.
12 പേർ ചേർന്ന് ഏകദേശം രണ്ടാഴ്‌ചയോളം എടുത്താണ് ഈ കൂറ്റൻ ക്രിസ്‌മസ് നക്ഷത്രം ഒരുക്കിയത്. ഇടവകയിലെ കുട്ടികൾ സ്‌കൂൾ സമയത്തിന് ശേഷം വൈകുന്നേരങ്ങളിൽ പള്ളിയിൽ എത്തിയാണ് നക്ഷത്രം നിര്‍മിച്ചത്. 15 അടിയുള്ള ഈ നക്ഷത്രം വലിയ വടവും ക്രെയിനും ഉപയോഗിച്ചാണ് ഉയർത്തിയത്. കയർ കൊണ്ട് നിർമിച്ചതായത് കൊണ്ട് തന്നെ ഒട്ടും മലിനീകരണം ഇല്ല. ഉപയോഗത്തിന് ശേഷം കയർ പള്ളിയുടെ മറ്റ് ആവശ്യങ്ങൾക്ക് എടുക്കുകയും ചെയ്യാം. നിരവധിയാളുകളാണ് കയറിൽ തീർത്ത പള്ളിയിലെ 'നക്ഷത്രത്തിളക്കം' കാണാൻ എത്തുന്നത്. ഇരുട്ടിൽ നക്ഷത്രത്തിന്‍റെ ശോഭ ഏറെ ആകര്‍ഷകമാണ്.
ALSO READ: ഭീമൻ ക്രിസ്‌മസ് ട്രീ എത്തി: ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ആഘോഷം- വീഡിയോ
മുഹമ്മയിൽ വേമ്പനാട്ട് കായലിനോട് ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികളും കയർ - കക്ക തൊഴിലാളികളും ഉൾപ്പടെയുള്ള സാധാരണക്കാരാണ് പ്രധാനമായും ഇടവകയിലെ അംഗങ്ങൾ. ആഘോഷങ്ങളിൽ ആർഭാടമില്ലാതെ എല്ലാവർക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് എന്നും ആഘോഷങ്ങളിൽ വ്യത്യസ്ഥത പുലർത്തുന്ന സെന്‍റ് ജോര്‍ജ്ജ് പള്ളി മുന്നോട്ട് വെയ്ക്കുന്നത്.
കയറിന്‍റെ നാടായ മുഹമ്മയിൽ തങ്ക നാരു കൊണ്ട് ഒരു ഭീമൻ ക്രിസ്‌മസ് നക്ഷത്രം മുഹമ്മയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും വിളിച്ചോതുന്നത് കൂടിയാണ്.