ആലപ്പുഴ: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വി.സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അക്കാദമിക്ക് യോഗ്യതയില്ലെന്ന് പറഞ്ഞു തള്ളിക്കളയാൻ ഒരുപാട് ന്യായങ്ങളുണ്ട്. എന്നും യോഗ്യതയില്ലാത്തവരായി നിന്നാൽ മതിയോ തങ്ങളെന്നും യോഗ്യതയുള്ളവരെ പലരെയും താൻ കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു.
വി.സി നിയമന വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയും ചില പിന്നാക്ക സമുദായക്കാർ തന്നെ പുറകിൽ നിന്ന് കുത്തുകയുമാണ് ഉണ്ടായതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ദൈവദശകത്തിലെ രണ്ട് വരിയെങ്കിലും തെറ്റാതെ ചൊല്ലാനറിയുന്നവരാകണം വി.സിയെന്ന് സ്വാഭാവികമായും ആഗ്രഹിച്ചു. എന്നാൽ ഇനിയത് ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും ഇപ്പോൾ അതൊരു അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.