ആലപ്പുഴ: ആചാരങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും അനാചാരങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
ഒരു മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ പിന്തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ സമൂഹത്തിൽ ഉള്ള ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്നും ഇത്തരത്തിൽ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പല ദുരാചാരങ്ങളും തന്‍റെ നേതൃത്വത്തിൽ അവസാനിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രത്തിൽ മുമ്പ് വേലകുളഞ്ഞി എന്ന ഒരു ആചാരം നടന്നു വന്നിരുന്നു. വളരെ ക്രൂരവും മനുഷ്യത്വരഹിതവുമായ ആചാരമാണ് അതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ക്ഷേത്രസമിതി കൂടി തീരുമാനമെടുത്ത് അത് നിർത്തി.
മൃഗബലി ഉൾപ്പടെയുള്ള ആചാരങ്ങളും ഇത്തരത്തിൽ നിർത്തിയിട്ടുണ്ടെന്നും ഇതാണ് ശ്രീനാരായണ ഗുരുദേവൻ പഠിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്ര സമിതികളും കമ്മിറ്റികളും ക്ഷേമ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. പതിറ്റാണ്ടുകളായി അത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു കമ്മിറ്റിയാണ് കണിച്ചുകുളങ്ങരയിലേതെന്നും അദ്ദേഹം പറഞ്ഞു.