ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കണമെന്ന് ശുചീകരണ, ദിവസവേതന തൊഴിലാളികള്‍. ആശുപത്രിയില്‍ ഇവര്‍ക്ക് നല്‍കിയിരുന്ന ക്വാറന്‍റൈന്‍ അവസാനിപ്പിച്ചതായി സുപ്രണ്ട് കഴിഞ്ഞ ദിവസം തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്ത് എത്തിയത്. ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ക്വാറന്‍റൈനില്‍ കിടക്കുന്നവർക്കുമുള്ള സൗജന്യ ഭക്ഷണവും ഈ മാസം 15-ാം തിയ്യതി മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
മെഡിക്കൽ കോളജിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസം വീട്ടിൽ പോയി നിരീക്ഷണത്തിൽ ഇരിക്കാനാണ് ആശുപത്രി അധികൃതർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. എന്നാൽ പരിമിതമായ ചുറ്റുപാടും, പ്രായമായ കുടുംബാംഗങ്ങളുമുള്ള ജീവനക്കാരാണ് അധികം പേരുമെന്നും തൊഴിലാളികള്‍ പറയുന്നു. ഇക്കാരണത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ കഴിയില്ല. ഒറ്റമുറി വീടുകളിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭക്ഷണ ചെലവാണ് ക്വാറന്‍റൈന്‍ നിര്‍ത്തലാക്കാന്‍ കാരണമെങ്കില്‍ ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കാൻ തയ്യാറാണെന്നും ജീവനക്കാർ പറയുന്നു.
ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിൽ തുടർന്നും സൗജന്യമായി താമസിക്കാൻ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ആശുപത്രി അധികൃതരിൽ നിന്നും അനുഭാവപൂർവ്വമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.