ആലപ്പുഴ: ചിതറി തെറിച്ചോടുന്ന ആൾക്കൂട്ടത്തിന് മേലെ വട്ടമിട്ട ഡ്രോൺ കാമറ പകർത്തിയ ദൃശ്യങ്ങളില്‍ നിറയുന്ന ഗ്രാമീണ സൗന്ദര്യത്തിന്‍റെ പിന്നാലെയാണ് വീട്ടില്‍ അടച്ചിരിക്കുന്ന മലയാളികളില്‍ പലരും. മടുപ്പിക്കുന്ന ചൂടില്‍, നാലു ചുവരുകൾക്കുള്ളില്‍ ദിവസങ്ങൾ തള്ളി നീക്കുന്ന ഓരോ മലയാളിയിലേക്കും നിറഞ്ഞൊഴുകുന്ന തോടും, വിശാലമായ പച്ചപ്പും ഒരു കുളിരുള്ള അനുഭവമായി മാറുകയാണ്. ആ പച്ചപ്പിന്‍റെ മേല്‍ വിലാസം തേടിയ മലയാളികൾ പലരും അറിയാതെ പോയ ഒരു കാര്യമുണ്ട്. ആലപ്പുഴ- കൊല്ലം ജില്ലകളുടെ അതിർത്തിയായ വള്ളികുന്നം എന്ന ഗ്രാമത്തിലാണ് മലയാള നാടക സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരില്‍ പ്രധാനിയായ തോപ്പില്‍ ഭാസി ജനിച്ചതെന്ന്. ഈ കൊറോണക്കാലത്ത് കൂട്ടം കൂടുന്നവരെ കണ്ടെത്താൻ വള്ളികുന്നം പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിലൂടെ തോപ്പില്‍ ഭാസിയുടെ നാടും ജനമനസുകളില്‍ നിറയുകയാണ്. നാടകവും സിനിമയും രാഷ്ട്രീയവുമായി തോപ്പില്‍ ഭാസി കേരളത്തിന്‍റെ സാംസ്കാരിക ഭൂമികയില്‍ നടത്തിയ ഇടപെടലിന് കേരള ചരിത്രത്തോളം പ്രാധാന്യമുണ്ട്.
തിരുവനന്തപുരം ആയുർവേദ കോളജില്‍ നിന്ന് വൈദ്യ കലാനിധി പാസായ ശേഷമാണ് തോപ്പില്‍ ഭാസി രാഷ്ട്രീയത്തില്‍ സജീവമായത്. 1953 ല്‍ വള്ളികുന്നം പഞ്ചായത്ത് രൂപീകൃതമാകുമ്പോൾ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റായ തോപ്പില്‍ ഭാസി പിന്നീട് പത്തനംതിട്ടയില്‍ നിന്ന് ജയിച്ച് ആദ്യ കേരള നിയമസഭയില്‍ അംഗവുമായി. കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുമായി അടുത്ത ബന്ധം പുലർത്തിയ തോപ്പില്‍ ഭാസി കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭം ശൂരനാട് കലാപമായി. ശൂരനാട് കലാപത്തിന് ശേഷം ഒളിവിലിരിക്കെയാണ് കേരള രാഷ്ട്രീയത്തിലും നാടക ചരിത്രത്തിലും നിർണായക വഴിത്തിരിവായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം തോപ്പില്‍ ഭാസി എഴുതിയത്. കെപിഎസി അവതരിപ്പിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം 4000ത്തോളം സ്റ്റേജുകളില്‍ കളിച്ചു. മുടിയനായ പുത്രൻ, അശ്വമേധം, സർവേക്കല്ല്, തുലാഭാരം തുടങ്ങി തോപ്പില്‍ ഭാസിയുടെ നിരവധി നാടകങ്ങൾ കേരളത്തില്‍ വലിയ അംഗീകാരവും സ്വീകാര്യതയും ആസ്വാദക പ്രശംസയും നേടിയിരുന്നു. അശ്വമേധത്തിന് ദേശീയ നാടക പുരസ്കാരവും തുലാഭാരം അടക്കമുള്ള മറ്റ് നാടകങ്ങൾക്ക് നിരവധി സംസ്ഥാന പുരസ്കാരങ്ങളും ഭാസിയെ തേടിയെത്തി. നാടകത്തില്‍ നിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തിയ തോപ്പില്‍ ഭാസി നൂറിലേറെ സിനിമകൾക്ക് തിരക്കഥയെഴുതി. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു.
1992 ഡിസംബർ എട്ടിന് ലോകത്തോട് വിട പറഞ്ഞ തോപ്പില്‍ ഭാസിക്കൊപ്പം വള്ളികുന്നം എന്ന ഗ്രാമം കൂടിയാണ് ഈ കൊറോണക്കാലത്ത് വീണ്ടും ചർച്ചയാകുന്നത്.