ആലപ്പുഴ: വാളയാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നീതി നടപ്പാക്കണമെന്ന് ബിജെപി. സംഭവത്തിൽ നീതി ഉറപ്പ് വരുത്തുവാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. വാളയാറില്‍ മരിച്ച പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഡ്യവുമായി ബിജെപി പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് എം.ഡി.സിബിലാൽ തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹൻകുമാർ ബുധനൂർ അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എൽ.പി ജയചന്ദ്രൻ, സി.എ പുരുഷോത്തമൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്‍റ് കെ.പ്രദീപ് , ജില്ലാ സെൽ കോ-ഓഡിനേറ്റർ ജി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.