ആലപ്പുഴ: വള്ളിക്കുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിലായി. വള്ളികുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യ പ്രതി സജയ് ജിത്ത്, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ജിഷ്ണു തമ്പി എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ വലയിലായിരുന്നു. കേസിൽ എട്ടോളം പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിൽ അഞ്ച് പ്രതികൾ നേരിട്ട് കൃത്യത്തിലേര്‍പ്പെട്ടവരും ബാക്കി മൂന്ന് പേർ പ്രതികൾക്ക് സഹായം നൽകിയവരുമാണ്. വിഷു ദിനത്തിൽ രാത്രിയാണ് വള്ളിക്കുന്നം പടയണി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ അഭിമന്യു കൊല്ലപ്പെടുന്നത്.
Also read: അഭിമന്യു വധം; കൊലപാതകം വൈരാഗ്യം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം
അതേസമയം വൈരാഗ്യം മൂലമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് ആദ്യം അറസ്റ്റിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യപ്രതി സജയ് ജിത്താണ്, കേസ് അന്വേഷിക്കുന്ന സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും അവനെ അക്രമിക്കാനാണ് ഉത്സവ സ്ഥലത്ത് സംഘം ചേർന്ന് എത്തിയതെന്നുമാണ് മൊഴി. എന്നാൽ അനന്തുവിന് പകരം അഭിമന്യുവായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ജ്യേഷ്‌ഠനെവിടെയെന്ന ചോദ്യത്തിൽ തുടങ്ങിയ സംഘർഷം പിന്നീട് കൊലപാതകത്തിലേക്കെത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആസൂത്രിതമായി നടത്തിയതാണെന്നും പ്രതികൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.