ആലപ്പുഴ: തീരദേശ മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്ന് ധനമന്ത്രി ഡോ ടി.എം തോമസ് ഐസക്. ഈ വര്‍ഷത്തെ ബജറ്റില്‍ 2000 കോടി രൂപയാണ് ജില്ലയിലെ തീരദേശത്തിനായി മാറ്റി വെച്ചിരിക്കുന്നത്. വരും വര്‍ഷത്തിലും തീരദേശ വികസനത്തിനും കടല്‍ഭിത്തി നിര്‍മാണത്തിനുമായി നല്ലൊരു തുക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാര വിതരണവും കടല്‍ സുരക്ഷാ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് യൂണിഫോം വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലോരങ്ങളില്‍ നിന്നും താമസം മാറുന്ന തീരദേശ നിവാസികള്‍ക്കായി ആരംഭിച്ച പുനര്‍ഗേഹം പദ്ധതിയില്‍ ആദ്യ ഗഡു വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ പി.ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി മാത്യു, ഫാദര്‍ സേവ്യര്‍ കുടിയാംശേരി, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്‌ടര്‍ എസ്.ആര്‍ രമേശ് ശശിധരന്‍ എന്നിവര്‍ സന്നിഹിതരായി.