ആലപ്പുഴ: അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർഥിയായി ദലീമാ ജോജോയും, എൻഡിഎ സ്ഥാനാർഥിയായി ടി. അനിയപ്പനും മത്സരിക്കും. മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ മണ്ഡലം നിലനിർത്താൻ യുഡിഎഫും, അരൂർ പിടിച്ചെടുക്കാൻ എൽഡിഫും, എൻഡിഎയും കനത്ത മത്സരത്തിലാണ്. സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാനെ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിപിഎമ്മിലെ ദലീമാ ജോജോയാണ് ഇടത് മുന്നണിയുടെ സാരഥി. 2016ൽ മത്സരിച്ച ബിഡിജെഎസിലെ ടി. അനിയപ്പനാണ് എൻഡിഎയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.
ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തി മണ്ഡലമായ അരൂരിൽ ഇത്തവണ തീപാറുന്ന പോരാട്ടമായിരിക്കും. 2006ലും, 2011 ലും, 2016 ലും സിപിഎമ്മിലെ എ. എം. ആരിഫാണ് ഇവിടെ നിന്ന് വിജയിച്ചത്. 2016ലെ ഭൂരിപക്ഷം 38000ത്തിലേറെയായിരുന്നു. ആരിഫ് ലോക്സഭയിലേയ്ക്ക് പോയതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആയി. കൈവിട്ട് പോയ മണ്ഡലം തിരിച്ച് പിടിക്കേണ്ടത് സിപിഎമ്മിന്‍റെയും, നിലനിർത്തേണ്ടത് കോൺഗ്രസിന്‍റെയും അഭിമാന പ്രശ്നമാണ്.
2016ലെ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി ടി. അനിയപ്പന് 29000ത്തിലേറെ വോട്ട് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അരൂരില്‍ ഇത്തവണ തീപാറും എന്ന് ഉറപ്പ്.