ആലപ്പുഴ: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ തെളിവുകൾ കണ്ടെത്തി. മൊബൈല്‍ ഫോണുകളും കത്തികളും താക്കോല്‍ കൂട്ടവുമാണ് തണ്ണീർമുക്കം ബണ്ടില്‍ നിന്ന് കണ്ടെത്തിയത്. പ്രതി മുഹമ്മദ് ബിലാലിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കായലിൽ തെരച്ചിൽ നടത്തിയത്. ഫയർ ഫോഴ്‌സിലെ മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. മൂന്ന് മൊബൈൽ ഫോണുകളും മൂന്ന് കത്തികളും ഒരു കത്രികയും, ആറ് താക്കോൽ കൂട്ടങ്ങളും കണ്ടെടുത്തു. കരയിൽ നിന്നും 50 മീറ്റർ അകലെയാണ് തൊണ്ടിമുതലുകൾ കണ്ടെത്തിയത്. ഇതെല്ലാം കൊലപാതകം നടന്ന വീട്ടിൽ നിന്ന് എടുത്തതാണെന്ന് കരുതുന്നതായി കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു.
പ്രതിയുടെ സാന്നിധ്യത്തിലായിരുന്നു തെരച്ചിൽ. രാവിലെ പത്ത് മണിക്ക് മുമ്പായി തന്നെ പ്രതിയുമായി അന്വഷണ സംഘം തണ്ണീർമുക്കം ബണ്ടിലെത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനെ തുടർന്നാണ് ഫോണുകളും കത്തിയും മറ്റും കണ്ടെടുത്തത്. പ്രതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താഴത്തങ്ങാടി പാപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി ഭാര്യ ഷീബ എന്നിവരെ വീട്ടിൽ കയറി ആക്രമിക്കുകയും ഷീബയെ കൊലപ്പെടുത്തുകയുമായിരുന്നു പ്രതി മുഹമ്മദ് ബിലാല്‍.