കോട്ടയം: നവരാത്രി കാലത്ത് ടെറൺസ് ഒരുക്കിയ മതമൈത്രിയുടെ സന്ദേശമുൾക്കൊണ്ട ബൊമ്മക്കൊലു ശ്രദ്ധേയമായി. കോട്ടയം ചൂട്ടുവേലിൽ മുല്ലശേരി വീട്ടിലെ ടെറൺസ് ജോസാണ് അഷ്ട ലക്ഷ്മി രൂപങ്ങൾക്കൊപ്പം മേരി മാതാവിന്‍റെയും ക്രിസ്തുദേവന്‍റെയും രൂപങ്ങളും ഉള്‍പ്പെടുത്തിയാണ് ബൊമ്മകൊലു തയ്യാറാക്കിയത്.
ചിത്രകാരനും നൃത്ത അധ്യാപകനുമായ ടെറൺസിന് ചെറുപ്പം മുതലേ ഇതിഹാസ കഥകളോട് താത്പര്യം ഉണ്ടായിരുന്നു. പുരാണകഥകളെക്കുറിച്ച് പഠിച്ച ഇദ്ദേഹം ദേവീ ദേവന്മാരുടെ ബിംബങ്ങള്‍ ശേഖരിക്കുന്നത് ശീലമാക്കിയിരുന്നു. കൂടാതെ ക്രിസ്തിവിന്‍റേയും ശിഷ്യൻമാരുടെയും വിശുദ്ധന്മാരുടെയും ശില്‍പ്പങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
Also Read: 'മരണം വരെ ജയിലില്‍',പിന്നെങ്ങനെ ഇരട്ട ജീവപര്യന്തം ? ; പൊരുള്‍ ഇങ്ങനെ
മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങൾ, 11 പുരാണ കഥകൾ ചിത്രീകരിക്കുന്ന രൂപങ്ങളും ലക്ഷ്മി ഭാവം ഉൾക്കൊള്ളുന്ന അനേകം ബിംബങ്ങളും ശേഖരത്തിലുണ്ട്. ചെന്നൈയിൽ നൃത്ത പഠനശാലയിൽ കഥകളി, ഭരതനാട്യം കോസ്റ്റ്യൂം അധ്യാപകനായിരുന്ന ടെറൺസ് രണ്ടു വർഷം മുൻപ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് നാട്ടിലെത്തിയത്. മുന്‍പും എല്ലാ നവരാത്രിക്കാലത്തും ബൊമ്മക്കൊലു ഒരുക്കിയിരുന്നു.
മതമൈത്രിയുടെ സന്ദേശം മാത്രമല്ല ദേവിദേവൻമാരെയും വിശുദ്ധൻമാരെയും അറിയാനുളള അവസരമാണ് ടെറൻസ് ഒരുക്കിയിരിക്കുന്നതെന്ന് ബൊമ്മക്കൊലു കാണാനെത്തിയവര്‍ പറഞ്ഞു.