ആലപ്പുഴ: കൈതവന ധർമ്മശാസ്‌താ ക്ഷേത്രം ഓഫീസ് സെക്രട്ടറിക്ക് ക്രൂര മർദനം. കള്ളപിരിവ് നടത്താനായി ക്ഷേത്ര രസീത് നല്‍കാത്തതിന്‍റെ പേരിലാണ് സെക്രട്ടറി പ്രഭാകരനെ ഒരു സംഘം ആളുകൾ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മര്‍ദനത്തില്‍ പ്രഭാകരന്‍റെ മൂക്കിന്‍റെ പാലം തകര്‍ന്നു. തിളച്ച എണ്ണയിൽ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചുവെന്ന് പ്രഭാകരന്‍ ആരോപിച്ചു. ഇയാളുടെ കാലില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അക്രമികൾ ക്ഷേത്രത്തില്‍ പലതവണ സാമ്പത്തിക തിരിമറി നടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇരുവുകാട് ബൈപ്പാസ് ലഹരിമരുന്ന് മാഫിയയുമായും അക്രമികള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.