ആലപ്പുഴ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും രോഗവ്യാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായുള്ള പുതിയ മൊബൈൽ ആപ്പ് ടിഡി മെഡിക്കൽ കോളജും കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്‍റും ചേർന്ന് അവതരിപ്പിച്ചു. 'കൊവിഡ് നഗ്ഗെറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ കൊവിഡ് -19 മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.
കൊവിഡ് പ്രതിരോധ തീവ്രയത്ന പരിപാടി 'കരുതാം ആലപ്പുഴയെ' എന്ന പദ്ധതിയുടെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ആപ്പിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ അലക്സാണ്ടർ നിർവഹിച്ചു. വൈറസിന്‍റെ വ്യാപനം കുറക്കാന്‍ ലക്ഷ്യമിട്ട് വിവിധ സംശയങ്ങൾക്കുള്ള ചോദ്യോത്തരങ്ങൾ ഈ ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്. അപ്ലിക്കേഷനിൽ കൊവിഡിന്‍റെ ചരിത്രം, പകരുന്ന രീതികള്‍, മാസ്ക് ഉപയോഗം, വാക്സിൻ, കൊവിഡിന്‍റെ വ്യാപന ഘട്ടങ്ങൾ, റിവേഴ്സ് ക്വാറന്‍റൈന്‍, ഹോം ഐസൊലേഷൻ, കൊവിഡ്- സത്യവും മിഥ്യയും തുടങ്ങി പൊതു ജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും കൊറോണ വൈറസിനെ സംബന്ധിച്ച് ഉണ്ടാകാവുന്ന എല്ലാ സംശയങ്ങളും ഈ ആപ്പിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ചടങ്ങിൽ സബ് കലക്ടര്‍ എസ്.ഇലക്യ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ സുജ പിഎസ്, ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് എന്നിവർ സംബന്ധിച്ചു. apkpure.com എന്ന സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആര്‍.കോഡ് സ്കാന്‍ ചെയ്തോ ആപ്പ് ഉപയോഗിക്കാം.
ലിങ്ക്: https://apkpure.com/covnuggets/com.mascreations.covnuggets.