ആലപ്പുഴ: ചേർത്തല സബ് രജിസ്‌ട്രാര്‍ ഓഫീസിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി ഓഫീസിന്‍റെ പൂട്ട് പൊളിച്ചാണ് മോഷ്‌ടാവ് അകത്ത് കടന്നതെന്ന് സൂചന. 17,334 രൂപ മോഷണം പോയി. ചേർത്തല താലൂക്ക് ഓഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന സബ് രജിസ്‌ട്രാര്‍ ഓഫീസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ശനി,ഞായർ അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഓഫീസ് തുറന്നപ്പോഴാണ് പൂട്ട് തകർത്തവിവരം ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 17,334 രൂപ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. ചേർത്തല പൊലീസും വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായ, ഓഫീസിന് പിന്നിലെ മതില് വരെ ഓടി നിന്നു. സബ് രജിസ്‌ട്രാര്‍ ഓഫീസ് പൊട്ടിപൊളിഞ്ഞ് ഏത് നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ് പ്രവർത്തിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചേർത്തല എസ്.ഐ പി.എസ്.തങ്കച്ചൻ, എ.എസ്.ഐ സലിംകുമാർ, സീനിയർ സി.പി.ഒ പി.കെ.അനിൽകുമാർ, ഫിംഗർപ്രിൻ്റ് വിദഗ്ദ പി.പ്രതിഭ എന്നിവരാണ് തെളിവ് ശേഖരിക്കാനെത്തിയത്.