ആലപ്പുഴ: കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്ക് സ്‌പോട് രജിസ്‌ട്രേഷനിലൂടെ രണ്ടാമത്തെ ഡോസ് ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവർക്കും കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർക്കും പ്രയോജനം ലഭിക്കും.
സ്‌പോട് രജിസ്‌ട്രേഷൻ നടത്തുന്നതിങ്ങനെ;-
രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാൻ സമയമായവർ പ്രസ്തുത വിവരം തദ്ദേശഭരണ സ്ഥാപനത്തിന്‍റെ ഹെൽപ് ഡെസ്‌ക്കിലോ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണം. ഇതനുസരിച്ച് വാക്‌സിൻ രണ്ടാമത്തെ ഡോസ് എടുക്കാൻ അർഹരായവരുടെ പട്ടിക തയാറാക്കും. 60 വയസ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും മുൻഗണന നൽകിയാണ് പട്ടിക തയാറാക്കുക. ഈ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മാത്രമാണ് സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യമുള്ളത്. ആരോഗ്യപ്രവർത്തകർ മുൻകൂറായി അറിയിക്കുന്ന തീയതിയിൽ നിശ്ചിത സമയത്ത് വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി സ്‌പോട് രജിസ്‌ട്രേഷൻ പൂർത്തിയാക്കി വാക്‌സിൻ സ്വീകരിക്കാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിശ്ചിത ശതമാനം ഡോസ് പട്ടികയിൽ ഉൾപ്പെട്ടവർക്കായി മാറ്റിവയ്ക്കും.