ആലപ്പുഴ: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസിലൂടെ അധ്യയന വർഷത്തിന് തുടക്കമാകും. ഓൺലൈൻ സൗകര്യമില്ലാത്ത രണ്ട് ലക്ഷത്തോളം വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. നിർധനരായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന കഞ്ഞിക്കുഴി പഞ്ചായത്തിന്‍റെ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 45 ലക്ഷം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുമ്പോൾ പ്രധാനവെല്ലുവിളിയായിരുന്നത് വീടുകളിൽ അതിനുള്ള സൗകര്യമുണ്ടോ എന്നതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ രണ്ടു ലക്ഷം കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് കുട്ടികൾക്ക് സഹായവുമായി എത്തിയത് മാതൃകാപരമാണ്. എല്ലാവരും ഈ പദ്ധതി മാതൃകയാക്കണം. ജനകീയ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ലഭിക്കണമെന്നുള്ള ആഗ്രഹമാണ് കഞ്ഞിക്കുഴി പഞ്ചായത്തിന്‍റെ ഈ പദ്ധതിക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. 73 കുട്ടികൾക്കാണ് കഞ്ഞിക്കുഴി പഞ്ചായത്ത് സ്മാർട്ട് ഫോൺ നൽകുന്നത്. പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഫോണുകൾ ഇല്ലാത്ത വിദ്യാർഥികളെ കണ്ടെത്തിയത്.
ചാരമംഗലം ഗവൺമെന്‍റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശിഖ ശിവദാസ്, ആദ്യ ഫോൺ മന്ത്രി രവീന്ദ്രനാഥിൽ നിന്ന് ഏറ്റ് വാങ്ങി. കൊവിഡ് പ്രതിരോധ മാസ്ക് വിറ്റഴിച്ചതിലൂടെ ലഭിച്ച നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്മാർട്ട് ഫോൺ നൽകുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ, എ.എം ആരിഫ് എം.പി, പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു, വൈസ് പ്രസിഡന്‍റ് പി.ലളിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. അക്ബർ, ലജിതാ തിലകൻ, സെക്രട്ടറി എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.