ആലപ്പുഴ: എസ്എൻഡിപി കാണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ എസ്എൻഡിപി യൂണിയൻ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴരയോടുകൂടി വീടിന് സമീപത്തെ യൂണിയൻ ഓഫീസിലേക്ക് മഹേശൻ പോയിരുന്നു. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാർ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അനന്തരവൻ യൂണിയൻ ഓഫീസിലേക്ക് പോയി നോക്കിയപ്പോഴാണ് ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസ് മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയനിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ സൂചന. ഇത് സംബന്ധിച്ച് മഹേശൻ കഴിഞ്ഞ ദിവസം ചിലർക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായി പറയപ്പെടുന്നു. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഏറ്റവും വിശ്വസ്തനും സന്തത സഹചാരിയുമായാണ് മഹേശൻ അറിയപ്പെടുന്നത്. ഫോറൻസിക്ക് സംഘം എത്തി കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.