ആലപ്പുഴ : അരൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് എ.ഐ.സി.സി മുൻ സെക്രട്ടറി അഡ്വ. ഷാനിമോൾ ഉസ്മാൻ. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് ഷാനിമോൾ തന്‍റെ മനസുതുറന്നത്.
ശബരിമലയിലെ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. വിശ്വാസികളുടെ അഭിപ്രായം ഹനിക്കുന്ന തരത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിലുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ അതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ യുഡിഎഫ് നടത്തുമെന്നും എല്ലാ വിഭാഗത്തിലെ മതവിശ്വാസികളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഷാനിമോൾ വ്യക്തമാക്കി.
സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയവും പി.എസ്.സി തട്ടിപ്പുമെല്ലാം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാവും അരൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്നും ഷാനിമോൾ പറഞ്ഞു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ തനിക്ക് ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അരൂർ ഒരു ബാലികേറാമലയാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ അവയെല്ലാം തെറ്റായ പ്രവചനങ്ങൾ ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഇതു വീണ്ടും ആവർത്തിക്കപ്പെടുമെന്ന ഉറപ്പ് തനിക്കുണ്ട്. അരൂരിൽ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നും ഇനി അഥവാ താനല്ല സ്ഥാനാർഥിയെങ്കിൽ മുഖ്യ പ്രചാരകയായി പ്രചരണ രംഗത്ത് സജീവമാകുമെന്നും ഷാനിമോൾ വ്യക്തമാക്കി.