ആലപ്പുഴ: ജില്ലയിൽ ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ അധ്യയനം പുനരാരംഭിച്ചു. 127 എയ്‌ഡഡ് സ്‌കൂളുകളിലും 67 സർക്കാർ സ്‌കൂളുകളിലുമായി പതിനയ്യായിരത്തോളം വിദ്യാർഥികളാണ് വിദ്യാലയങ്ങളിലേക്ക് എത്തിയത്. കൊവിഡ് മാനദണ്ഡ പ്രകാരം ഓരോ സ്‌കൂളിലെയും പകുതി വിദ്യാർഥികൾ മാത്രമാണ് ക്ലാസുകളിലെത്തിയത്. 300ന് മുകളിൽ വിദ്യാർഥികൾ ഉള്ള സ്‌കൂളുകളിൽ 25 ശതമാനം എന്ന കണക്കിൽ രണ്ടു ദിവസങ്ങളിലായി നാല് നേരത്തായും 300ന് താഴെ കുട്ടികൾ ഉള്ള സ്‌കൂളുകളിൽ രാവിലേയും ഉച്ചയ്ക്കുമായുമാണ് ക്ലാസ്സുകൾ നടക്കുന്നത്.
സ്‌കൂളുകളിൽ സജ്ജീകരിച്ചിരിക്കുന്ന തെർമൽ സ്കാനർ ഉപയോഗിച്ച് താപനില കൃത്യമായി പരിശോധിച്ചാണ് വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. എസ്.എസ്.കെയുടെ നേതൃത്വത്തിൽ പുനരുപയോഗിക്കാൻ സാധിക്കുന്ന മാസ്‌കുകളും വിതരണം ചെയ്തു. കെഎസ്‌ഡിപി വഴി സാനിറ്റൈസറും കയർഫെഡ് വികസിപ്പിച്ചെടുത്ത സാനിമാറ്റും മിക്ക സ്‌കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകളിലും ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് കൊവിഡ് സെൽ രൂപീകരിച്ചിട്ടുണ്ട്. അസുഖങ്ങൾ ഉള്ള കുട്ടികളെ മാറ്റി ഇരുത്താൻ പ്രത്യേക റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉൾപ്പെടെ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഓരോ സ്‌കൂളുകളിലും നിശ്ചിത സമയക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്.
കരുതാം ആലപ്പുഴയുടെ ഭാഗമായി ജില്ല ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോടെ കുട്ടികൾക്കായി തയ്യാറാക്കിയ കൊവിഡ് ബോധവൽക്കരണ ഹ്രസ്വ വീഡിയോ എല്ലാ സ്‌കൂളുകളിലും പ്രദർശിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഇവർ നാലു വിദ്യാഭ്യാസ ജില്ലകളിലെയും സ്‌കൂളുകൾ സന്ദർശിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും എല്ലാ മാർഗ നിർദേശങ്ങളും അനുസരിച്ചാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കും.
സ്‌കൂളുകൾ തുറന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ നേരിട്ട് സ്കൂളിൽ വരേണ്ടതില്ലെന്നും പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്ക് ജനുവരി 15 വരെയും പ്ലസ്‌ടു ക്ലാസ്സിലെ വിദ്യാർഥികൾക്ക് ജനുവരി 30 വരെയും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്നും വിദ്യാഭാസ ഉപഡയറക്ടർ ധന്യ ആർ കുമാർ അറിയിച്ചു.