ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം നൽകുമെന്ന് കരുതിയ സൗജന്യ നിരക്കിലുള്ള അരിപോലും നിക്ഷേധിച്ചത് ഏറെ സങ്കടകരമാണെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ. ആലപ്പുഴ എൻ.എസ്.എസ് ഹാളിൽ സപ്ലൈകോ ആരംഭിക്കുന്ന ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകാലങ്ങളിൽ കേന്ദ്രസർക്കാർ നൽകിയിരുന്ന സഹായങ്ങൾ ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്ന രീതിയാണ്. എങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയവും ഇത്തവണത്തെ മഴക്കെടുതിയും അതിജീവിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. 1565 ഓണ മാർക്കറ്റ് സപ്ലൈകോ കേരളത്തിൽ നടത്തുന്നു.
ഗുണനിലവാരം ഉറപ്പാക്കിയ സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ് ഇവിടെ നിന്ന് വിതരണം നടത്തുന്നത്. പൊതുവിപണിയിൽ ജയ അരിക്ക് 35 രൂപ വിലയുള്ളപ്പോൾ സപ്ലൈകോ 25 രൂപയ്ക്ക് നൽകുന്നു. പൊതുവിപണിയിൽ 38 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും പൊതുവിപണിയിൽ 145 രൂപ വിലയുള്ള മുളക് 75 രൂപയ്ക്കുമാണ് നൽകുന്നത്. പുറം വിപണിയിൽ 98 രൂപ വിലയുള്ള ഉഴുന്ന് ഇവിടെ 60 രൂപയ്ക്കും ലഭിക്കും. 14 സാധനങ്ങൾക്ക് പൊതുവിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവിലാണ് സപ്ലൈകോ വിൽക്കുന്നതെന്നും ഓണക്കാലത്ത് വില പിടിച്ചുനിർത്താൻ ഇതുവഴി ഭക്ഷ്യവകുപ്പിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.