ആലപ്പുഴ : ആരെയും ചാരിയും പക്ഷംപിടിച്ചും പാർട്ടിയിൽ നിൽക്കരുതെന്നും വിഭിന്ന ശബ്ദങ്ങൾ ഉണ്ടാക്കാതെ ഒറ്റക്കെട്ടായി പാർട്ടിയായി നിൽക്കാൻ പഠിക്കണമെന്നും സിപിഎം ജില്ല സമ്മേളന പ്രതിനിധികൾക്ക് മുന്നറിയിപ്പുമായി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സി.പി.എം ജില്ല സമ്മേളനത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിലാണ് എസ്.ആർ.പിയുടെ മുന്നറിയിപ്പ്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പാർട്ടി സഖാക്കളെ സ്വാധീനിക്കരുത്. പക്ഷം ചേർന്ന് നിൽക്കാതെ പാർട്ടി നിലപാടിനൊപ്പം നിൽക്കണം. ബോൾഷെവിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശൈലി പിന്തുടരുന്നതിൽ വീഴ്ചയുണ്ടാവരുത്. മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ആശയങ്ങൾ ഉയർത്തി പാർട്ടിക്ക് വേണ്ടി ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കണമെന്നും എസ്.ആർ.പി പറഞ്ഞു. അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും ഇത് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എസ്ആർപി കുറ്റപ്പെടുത്തി.
Also Read: അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി
പ്രവർത്തന റിപ്പോർട്ടിനുമേൽ നടക്കുന്ന പൊതുചർച്ചകളിൽ വ്യക്തിപരവും അനാരോഗ്യകരവുമായ പരാമർശങ്ങൾ ഉണ്ടാവാൻ പാടില്ല. പാർട്ടിയെയും വർഗ്ഗ - ബഹുജന സംഘടനകളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യുമ്പോൾ സമ്മേളന മര്യാദകൾ കർശനമായി പാലിക്കണമെന്നും വസ്തുതാപരമായി ചർച്ചകൾ സമ്മേളനത്തിൽ ഉയർത്തിക്കൊണ്ടുവരണമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.