ആലപ്പുഴ: സ്‌കൂള്‍ മുറ്റത്ത് അരി മണ്ണില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ആര്യാട് ലൂതറന്‍ ഹൈസ്‌കൂളിലാണ് സംഭവം. പി.എസ്.സി പരീക്ഷ നടക്കുന്ന ദിവസം സ്‌കൂള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച കാറിന്‍റെ വീല്‍ മണ്ണില്‍ താഴ്ന്നപ്പോഴാണ് മണ്ണിനടിയില്‍ കുഴിച്ചു മൂടിയ നിലയിലുള്ള അരി പുറത്തു വന്നത്.
സമീപവാസിയായ ഒരാള്‍ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയാണ് ഇത്തരത്തിൽ കുഴിച്ചുകൂടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കൊവിഡ് കാലത്തുൾപ്പടെ എല്ലാ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങൾ വഴി സൗജന്യമായി വിതരണം ചെയ്യാൻ അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും സംസ്ഥാന സർക്കാർ വിതരണം ചെയ്തിരുന്നു.
Also Read: പാതയോരങ്ങളിലെ കൊടിമരങ്ങൾ 10 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി
സംഭവം വിവാദമായതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരോ സ്‌കൂൾ അധികൃതരോ തയ്യാറായിട്ടില്ല. ഇതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.