ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല. കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിലും സായാഹ്ന പത്രങ്ങളിലും ചിലർ വ്യാജ പ്രചാരണങ്ങൾ പടച്ചുണ്ടാക്കുന്നുണ്ട്. ഹരിപ്പാട് നിന്ന് മാറി മറ്റേതൊക്കെയോ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്. അവ അടിസ്ഥാന രഹിതമാണെന്നും അതിനെ പൂർണമായും തള്ളിക്കളയുന്നതായും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണ്. 1982 മുതൽ താൻ ഹരിപ്പാട് നിന്ന് ജനവിധി തേടുന്നതാണ്. നാലു തവണ ഹരിപ്പാടുള്ള ജനങ്ങൾ തനിക്ക് സംരക്ഷണവും പിന്തുണയും നൽകി. ഒരിക്കലും ഹരിപ്പാടുള്ള ജനങ്ങൾ തന്നെ തള്ളിപ്പറഞ്ഞിട്ടില്ല. മത്സരിച്ചപ്പോൾ എല്ലാം തനിക്ക് പൂർണ്ണപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിനും മറ്റു പരിഗണനകൾക്കും അതീതമായി ഹരിപ്പാടുള്ള ജനങ്ങൾ എല്ലാവിധ പിന്തുണയും തനിക്ക് നൽകിയിട്ടുണ്ട്. അവരുടെ മനസും ചിന്തകളും ഹരിപ്പാട് നിന്നുള്ള ജനപ്രതിനിധിയെന്ന നിലയിൽ തനിക്ക് നൽകിയിട്ടുണ്ട്. ഒരു കാരണവശാലും ഹരിപ്പാട് വിട്ടുപോകേണ്ട സാഹചര്യമില്ല. ഹരിപ്പാടുള്ള ജനങ്ങൾക്ക് വേണ്ടി തന്‍റെ കഴിവുകൾ പരമാവധി വിനിയോഗിച്ച വ്യക്തിയാണ്. നാടിന്‍റെ വികസനത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പരമാവധി കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ചിലർ നടത്തുന്ന ബോധപൂർവ്വമായ നീക്കത്തിന്‍റെ ഭാഗമാണ് ഈ വ്യാജ പ്രചരണങ്ങൾ. ഇത് ഹരിപ്പാടുള്ള പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയണമെന്നും ഹരിപ്പാട് നിന്ന് തന്നെ താൻ ജനവിധി തേടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.