ആലപ്പുഴ: പദ്ധതികൾ നടപ്പാക്കേണ്ടയാളുകൾ അത് നടപ്പാക്കിയില്ലെങ്കിൽ അവരെ വിമർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരൂർ എം.എൽ.എ അഡ്വ. ഷാനിമോൾ ഉസ്‌മാനെ വിമർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് മറുപടിയായാണ് ചെന്നിത്തലയുടെ പരാമർശം.
തെരഞ്ഞെടുപ്പ് കാലത്ത് പെരുമ്പളം പാലം പണിയുമെന്ന് വാഗ്‌ദാനം നൽകിയ ശേഷം പാലത്തിന് കല്ലിട്ടു. അതിന് ശേഷം പദ്ധതി നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ഷാനിമോളെ കുറ്റംപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചെന്നിത്തല വിമർശിച്ചു.
വികസന വിരോധികൾ ഈ സർക്കാരിൻ്റെയാളുകളാണ്. പ്രതിപക്ഷത്തുള്ളവർ എങ്ങനെയാണ് വികസന വിരോധികളാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷാനിമോൾക്കെതിരെ മന്ത്രി നടത്തുന്നത് കള്ളപ്രചരണമാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.