ആലപ്പുഴ: ചെമ്പട്ടണിഞ്ഞു ഉഗ്ര രൂപിണിയായി ഗദ്ദിക വേദിയിൽ രക്തചാമുണ്ഡി തെയ്യം നിറഞ്ഞാടി. ഘോര രൂപത്തെ ആവാഹിച്ചെന്നപോലെ ചുറ്റും കുരുത്തോലയും കൈയിൽ തീ പന്തവുമായി ചാമുണ്ഡി തെയ്യം സദസിനു വേറിട്ട അനുഭവമാണ് പകർന്നത്. ഉഗ്രരൂപിണിയായ ചാമുണ്ഡി ദേവി അസുര താള ഭാവം പകർന്ന ചെണ്ട മേളത്തിന്‍റെ താളത്തിനൊത്തു ചുവടുകൾ വെച്ചപ്പോൾ ഓണാട്ടുകരയുടെ സദസിനു വടക്കൻ മലബാറിലെ തനതു കലാരൂപത്തിന്റെ നേർക്കാഴ്ചയാണ് ഗദ്ദിക വേദിയിലൂടെ കാണാനായത്.
കോഴിക്കോട് നിന്നുള്ള എം. കെ സുധീഷ്കുമാറും സംഘവുമാണ് ഗദ്ദിക വേദിയിൽ രക്ത ചാമുണ്ഡി തെയ്യം അവതരിപ്പിച്ചത്. സംസ്ഥാന പട്ടിക ജാതി പട്ടികവർഗ വകുപ്പും കിത്താർഡ്ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദിക 2019 മേളയിലാണ് രക്തചാമുണ്ഡി തെയ്യം അവതരിപ്പിച്ചത്.