ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിവരുന്ന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞു. ഹൗസ് ബോട്ട് യാത്രയ്‌ക്കെത്തിയ രസതന്ത്ര നൊബേൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെയും ഭാര്യ ശോഷൻ ബ്രോഷിനെയുമാണ് തടഞ്ഞത്. മണിയറ എന്ന ഹൗസ്ബോട്ടിൽ ഇന്നലെ വൈകുന്നേരത്തോടെ കുമരകത്ത് നിന്ന് യാത്ര ആരംഭിച്ച മൈക്കിളും ഭാര്യയും കുട്ടനാട് ആർ ബ്ലോക്കിലെത്തി. തുടർന്ന് ഇന്ന് രാവിലെ തിരികെ കുമരകത്തേക്ക് യാത്ര തിരിക്കാൻ ബോട്ടെടുത്തപ്പോഴാണ് സമരാനുകൂലികൾ തടഞ്ഞത്. ഏകദേശം രണ്ട് മണിക്കൂറോളം ബോട്ട് തടഞ്ഞതിന് ശേഷം ഒന്നരയോടെ ബോട്ട് വിട്ടയക്കുകയാണുണ്ടായത്. ശേഷം ഇരുവരും കുമരകത്തേക്ക് യാത്ര തിരിച്ചു.
കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയപ്പോൾ മറ്റു നിരവധി വിനോദ സഞ്ചാരികളും വഴിയിൽ കുടുങ്ങി. ഇതോടെ വിനോദ സഞ്ചാര മേഖലയും നിശ്ചലമായി. പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കുമെന്നായിരുന്നു സമര സമിതി അറിയിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല.