ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് യഹ്‌യ തങ്ങൾ കസ്റ്റഡിയില്‍. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമാണ് യഹ്‌യ തങ്ങൾ. ഞായറാഴ്‌ച(29.05.2022) രാവിലെ സ്വദേശമായ തൃശൂര്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യഹ്‌യയെ കസ്റ്റഡിയിൽ എടുത്തത്. ഇതാദ്യമായാണ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന നേതാവിനെ കസ്റ്റഡിയിൽ എടുക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. കേസിൽ കൂടുതൽ പേർ അറസ്റ്റിൽ ആവുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭ്യമാവുന്ന സൂചന.
പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹ്‌യ തങ്ങൾ. പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ച് ഇന്നലെ പോപ്പുലർ ഫ്രണ്ട് നടത്തിയ എസ്‌പി ഓഫീസ് മാർച്ചും പ്രതിഷേധ ധർണയും ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചത് യഹ്‌യ തങ്ങളായിരുന്നു.
ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെയായിരുന്നു പരാമർശം. ആലപ്പുഴയിൽ നടന്ന റാലിക്കിടെ പോപ്പുലർ ഫ്രണ്ട് വിളിച്ച മുദ്രാവാക്യം കേട്ട് ഹൈക്കോടതി ജഡ്‌ജിമാർ ഞെട്ടിയത് അവരുടെ അടിവസ്‌ത്രം കാവി ആയതിനാലാണ് എന്നായിരുന്നു പരാമർശം. മെയ് 21ന് ആലപ്പുഴയിൽ നടന്ന റാലിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 18 പേരെ പൊലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. മതസ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസ്.
ആർഎസ്എസിന് എതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സിപി മുഹമ്മദ് ബഷീർ നേരത്തെ പറഞ്ഞിരുന്നു. ആർഎസ്എസ് ഭീകരതക്കെതിരായ പോരാട്ടവും ചെറുത്തുനിൽപ്പും തന്‍റെ പാർട്ടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.