ആലപ്പുഴ: സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ പാസിംഗ് ഔട്ട് പരേഡ് ചേർത്തല ഫയർഫോഴ്‌സ് അങ്കണത്തിലാണ് സംഘടിപ്പിച്ചത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ആലപ്പുഴ, ചേർത്തല, അരൂർ, തകഴി, ചെങ്ങന്നൂർ എന്നീ എട്ട് നിലയങ്ങളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡാണ് ജില്ലയിൽ നടന്നത്. 32 സ്ത്രീകളും 140 പുരുഷന്മാരും ഉൾപ്പെടുന്ന 172 സിവിൽ ഡിഫൻസ് വോളണ്ടിയർമാരാണ് ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയത്.
അടിയന്തര ഘട്ടങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാകുമെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ് പറഞ്ഞു. സിവിൽ ഡിഫൻസ് നിയമത്തിൻ്റെ എല്ലാ പരിരക്ഷയും ഇവർക്ക് ലഭിക്കും. അഗ്നി രക്ഷാ നിലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. ജില്ലാ ഫയർ ഓഫീസറും അതാത് ഫയർസ്റ്റേഷൻ ഓഫീസർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാനത്താകെ 2400 സിവിൽ ഡിഫൻസ് വാളണ്ടിയർമാരാണ് പരിശീലനം പൂർത്തിയാക്കിയത്. കലക്‌ടർ എ.അലക്‌സാണ്ടർ, ജില്ലാ പൊലിസ് മേധാവി ജി.ജയദേവ്, ചേർത്തല സ്റ്റേഷൻ ഓഫീസർ കെ.പി.സന്തോഷ് തുടങ്ങിയവർ ചേർത്തല ഫയർഫോഴ്‌സ് അങ്കണത്തിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.