ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികവാർന്ന വിജയം നേടുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ ഉജ്ജ്വല വിജയം നേടും. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കി. കൂടാതെ സംസ്ഥാനം ഭക്ഷ്യ സുരക്ഷ കൈവരിച്ചതും നേട്ടമായി. സുഭിക്ഷ കേരളം അടക്കം കേരളം നെഞ്ചേറ്റിയ ഒട്ടേറെ പദ്ധതികളുണ്ട്. റേഷൻകടകൾ വഴി നിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഭക്ഷ്യകിറ്റുകളും സർക്കാർ നൽകി.
സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുന്ന ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കി. ആലപ്പുഴ ജില്ലയിൽ കോടികളുടെ വികസനമാണ് നടപ്പാക്കിയത്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ വികസനം തുടരാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷം വിജയിക്കും. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും നഗരസഭയിലുമെല്ലാം മികവാർന്ന സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്ത് ഇറക്കിയത്. യുവജനങ്ങൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും നല്ല പരിഗണന നൽകിയ സ്ഥാനാർഥി പട്ടികയെ ജനം സ്വീകരിച്ചുകഴിഞ്ഞു. കൂടാതെ കേരളാ കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും എൽഡിഎഫിന് ഒപ്പം ചേർന്നത് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.