ആലപ്പുഴ: ഏത് പ്രായക്കാര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ആളുകളിലേക്ക് ഖാദി ഉത്‌പന്നങ്ങള്‍ എത്തുന്നതിന് ഓണം മേളകള്‍ ഉപകരിക്കുമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാകുമെന്നും പി. ജയരാജന്‍ പറഞ്ഞു.
ഖാദി ഉള്‍പ്പെടെ വിവിധ മേഖലകളിലെ പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ദേശീയ പതാക ഖാദിയില്‍ മാത്രം നിര്‍മിക്കുക, ഖാദി റെഡിമെയ്‌ഡ് ഉത്‌പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി. പിന്‍വലിക്കുക, പരുത്തിക്ക് സബ്‌സിഡിയോട് കൂടിയ നിരക്ക് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.സലാം എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പ്പന നടത്തി.
also read: ഖാദി വസ്ത്രത്തിന്‍റെ പ്രചരണം വിപുലമാക്കണം: പി ജയരാജൻ