ആലപ്പുഴ: 'ഹരിതം മഹിതം' പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികൾ വിളയിച്ചെടുത്ത് വിദ്യാര്‍ഥികള്‍. കറ്റാനം സിഎംഎസ് സ്കൂളിലെ വിദ്യാർഥികളാണ് സ്‌കൂൾ വളപ്പിൽ വിഷരഹിത പച്ചക്കറികൾ നട്ടുവളർത്തിയത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറാണ് വിളവെടുപ്പിനായി എത്തിയത്.
സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചത്. അരയേക്കറോളം സ്ഥലത്ത് ചീര, വെണ്ട, വഴുതന, വെള്ളരി, പയർ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ശാസ്ത്രീയ രീതിയിലൂടെയും പരിപാലനത്തിലൂടെയും മികച്ച വിളവ് നേടാൻ വിദ്യാർഥികൾക്ക് സാധിച്ചതായി സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി ഷാജി പറഞ്ഞു.
കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ പറഞ്ഞാണ് സ്‌കൂളിലെ കൃഷിയെ കുറിച്ച് മന്ത്രി സുനിൽ കുമാർ അറിഞ്ഞത്. തുടർന്ന് വിളവെടുപ്പ് ദിവസം താൻ നേരിട്ടെത്തുമെന്ന് എംഎൽഎയോട് മന്ത്രി പറയുകയായിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്‍റ് വി.വാസുദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ജയദേവ്, സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി ഷാജി തുടങ്ങിയവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.