ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ സക്കറിയ ബസാർ മർക്കസ് മസ്‌ജിദിലെ ജുമാ നമസ്‌കാരത്തിന് മുന്നോടിയായുള്ള ബാങ്കിൽ കഴിഞ്ഞ ദിവസം മുഴുങ്ങി കേട്ടത് മാനവികതയുടെ സന്ദേശമായിരുന്നു. കാവിയും രുദ്രാക്ഷമാലയും അണിഞ്ഞ സ്വാമിയും, ളോഹ അണിഞ്ഞെത്തിയ പള്ളി വികാരിയും, ചന്ദനക്കുറിയും, കുരിശുമാലയുമണിഞ്ഞ ഇതര വിശ്വാസികളും പങ്കെടുത്ത വെള്ളിയാഴ്‌ച നമസ്‌കാരം മതസൗഹാർദത്തിന്‍റെ വേറിട്ട കാഴ്‌ചയായി.
ഹലാൽ വിവാദമടക്കം കൊടുമ്പിരിക്കൊള്ളുമ്പോള്‍ മത യാഥാർഥ്യങ്ങള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് കാലത്തിന് അനുയോജ്യമായ കൂടിച്ചേരലിന്‍റെയും പങ്കുവയ്പ്പിന്‍റെയും രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ചടങ്ങ് പള്ളി ഭാരവാഹികൾ സംഘടിപ്പിച്ചത്. സമൂഹത്തിന്‍റെ വിവിധ തുറകളിൽപ്പെട്ട അന്യമതസ്ഥരായ 50ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് നമസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്.
പുതിയ കാലഘട്ടത്തിൽ ഇത്തരത്തിലൊരു വലിയ ഒത്തുചേരലിന് വിലമതിക്കാനാവാത്ത പ്രാധാന്യമാണുള്ളതെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. മതത്തിന്‍റെ പേരിൽ സമൂഹത്തിൽ കലാപവും ഭിന്നിപ്പും ഉണ്ടാക്കാന്‍ ചിലരുടെ സംഘടിത ശ്രമങ്ങൾ നടക്കുമ്പോള്‍ എല്ലാവരെയും ഒരുപോലെ കാണാനും എല്ലാ മതങ്ങളുടെയും മഹനീയ ലക്ഷ്യത്തെ സംബന്ധിച്ച് മനസിലാക്കാനും ഇതിലൂടെ കഴിയുമെന്ന് ജുമാ ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇമാം ഹക്കീം പാണാവള്ളി ചടങ്ങുകൾക്കും പ്രാർഥനയ്ക്കും നേതൃത്വം നൽകി. മുൻ മന്ത്രി ജി.സുധാകരൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ, മുഹമ്മ വിശ്വഗാജി മഠം സ്വാമി അസ്‌പർശാനന്ദ, പുത്തൻകാട് സ്വർഗാരോപിത മാതാ പള്ളി വികാരി ഫാ. ക്രിസ്റ്റഫർ എം.അർത്തശേരിൽ, എസ്എൻഡിപി, കരയോഗം യൂണിയൻ ഭാരവാഹികൾ, വിവിധ സംഘടനാപ്രവർത്തകർ തുടങ്ങിയവരാണ് വിവിധ മതവിഭാഗങ്ങളിൽ നിന്നായി ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിന്‍റെ ആദ്യം പള്ളിക്കുള്ളിൽ നടക്കുന്ന പ്രാർഥനാക്രമങ്ങൾ മനസിലാക്കുന്നതിനും പ്രസംഗം കേൾക്കാനും അവസരമുണ്ടായിരുന്നു. വെറുപ്പിന്‍റെ രാഷ്‌ടീയമുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരം സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സന്ദേശമാണ് സൗഹൃദ ഖുതുബയിലൂടെ നൽകിയതെന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഇമാം ഹക്കീം പാണാവള്ളി പറഞ്ഞു.
മർക്കസ് മസ്‌ജിദ് സ്ഥിതിചെയ്യുന്ന സക്കറിയ ബസാർ മതേതര ചടങ്ങുകൾക്ക് കീർത്തികേട്ടതും മുസ്‌ലിം ഭൂരിപക്ഷ പ്രദേശവുമാണ്. ജാതി-മത ഭേദമന്യേ പതിനായിരങ്ങളാണ് പെരുന്നാൾ രാവിന് പ്രദേശത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ നബിദിന റാലിയുടെ സമാപനവും തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവും നടക്കാറുള്ളത് സക്കറിയ ബസാറിലാണ്.