ആലപ്പുഴ: ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്തും. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കും ഇതോടെ തുടക്കമാകും. 12 കേന്ദ്രങ്ങളിലായി നടക്കുന്ന ബോട്ട് ലീഗിൽ ഒമ്പതു ടീമുകളാണ് പങ്കെടുക്കുക ലീഗ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത നെഹ്‌റു ട്രോഫി വള്ളംകളിയിലെ വേഗമായിരിക്കണമെന്ന് ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു. വരുന്ന വർഷങ്ങളിൽ നെഹ്‌റു ട്രോഫി കൂടുതൽ ആഘോഷമായി മാറാൻ ഇതിടയാക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പതിവുപോലെ ചെറുവള്ളങ്ങളുടെ മത്സരത്തോടെയാകും നെഹ്‌റു ട്രോഫി വള്ളംകളി തുടങ്ങുക. വൈകിട്ട് നാലു മുതൽ അഞ്ചുവരെയാണ് ബോട്ട് ലീഗിന്‍റെ മത്സര സമയം. സിബിഎൽ കമ്പനിയും തുഴച്ചിൽ ക്ലബുകളുമായാണ് കരാർ ഉണ്ടാക്കുന്നതിനാൽ കഴിഞ്ഞ വർഷം ചാമ്പ്യനായ വള്ളത്തിൽ ആകണമെന്നില്ല ചാമ്പ്യൻ ക്ലബ് തുഴയുന്നത്. എന്നാൽ ഭാവിയിൽ ക്ലബും വള്ളവും ഒന്നാകണമെന്ന വ്യവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണാൻ വരുന്നവർക്ക് 12 കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കും. ഇത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി സിബിഎൽ കമ്പനി സംഘം ഇതിനകം 12 കേന്ദ്രങ്ങളും സന്ദർശിച്ചതായും തോമസ് ഐസക് പറഞ്ഞു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നെഹ്‌റു ട്രോഫി വള്ളംകളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മുന്നൊരുക്കം നടത്തുക.
ഈ വർഷത്തെ സിബിഎല്ലിന് 40 കോടി രൂപ ചെലവും 20 കോടി രൂപ വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ബാക്കി 20 കോടി സർക്കാർ സബ്‌സിഡിയായി നൽകും. എന്നാൽ അഞ്ച് വർഷത്തിനകം 130 കോടി രൂപ വരുമാനമുള്ള കായികയിനമായി സിബിഎൽ മാറുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം രാജ്യാന്തര ചാനലുകളിൽ ഉൾപ്പടെ വരുന്ന രീതിയില്‍ പണം നൽകി ടിവി സംപ്രേഷണാവകാശം നൽകും. രണ്ടു വർഷത്തിനകം സംപ്രേഷണവകാശവും ലേലം ചെയ്യുന്ന തരത്തിലാകും. രാജ്യാന്തര തലത്തിൽ പ്രശസ്തരായ വീഡിയോഗ്രാഫർമാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളിയിൽ കഴിഞ്ഞ തവണ കുറ്റമറ്റ രീതിയിൽ പരീക്ഷിച്ച സ്റ്റാർട്ടിങ് ഫിനിഷിങ് സംവിധാനങ്ങൾ കൂടുതുൽ മികവുറ്റതാക്കും. ഇവയുടെ ശില്പി ഋഷികേശിനെ വേദിയിൽ ആദരിക്കും. ജൂലൈ 11 മുതൽ 26 വരെയായിരിക്കും നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള മത്സര വള്ളങ്ങളുടെ രജിസ്‌ട്രേഷൻ.