ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ഓണാട്ടുകര കേന്ദ്രീകരിച്ച് തുടക്കം കുറിച്ചിരിക്കുന്ന മാംസ ഉത്‌പാദന പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.രാജു. പരമ്പരാഗത നാണ്യവിള മേഖലകളിലടക്കം കര്‍ഷകന്‍ വലിയ നഷ്ടം സഹിച്ച് മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെയാണ് മാംസ ഉത്‌പാദന മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ പോത്തുകുട്ടി വളര്‍ത്തല്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഓണാട്ടുകരയില്‍ നടപ്പാക്കിയ ഇതിന്റെ ഒന്നാം ഘട്ടം വലിയ വിജയമായിരുന്നെന്നും അതിനാല്‍ തന്നെ പദ്ധതി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണാട്ടുകരയുടെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന മാംസ ഉത്‌പാദന പദ്ധതി/ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായംകുളം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കായംകുളം മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് ഗുണഭോക്താക്കള്‍ക്കാണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്കായി 2.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.