ആലപ്പുഴ : ദേശീയ വിദ്യാഭ്യാസ നയം കച്ചവട ശക്തികൾക്ക് സഹായകരമാകുന്നതാണെന്നും കേന്ദ്രം പിൻതുടരുന്നത് മുതലാളിത്ത താൽപര്യങ്ങളാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിൽ നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ' എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ശാസ്‌ത്ര സാങ്കേതിക രംഗത്ത് സമഗ്രമായ മാറ്റത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയെയും സ്വാധീനിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളുന്നതാവണം പുതിയ നയമെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർഥികളുടെയും അവകാശമാണ്. അത് പ്രദാനം ചെയ്യുവാൻ സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ധനികരെന്നോ ദരിദ്രരെന്നോ ഭേദമന്യേ മുഴുവൻ കുട്ടികൾക്കും പുതിയ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകുന്നത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. ഒരു ക്ലാസിന് പരിശീലനം ലഭിച്ച ഒരു അധ്യാപകൻ എന്ന സംവിധാനം നിലവിലുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മോഡറേറ്റർ ആയി.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ്ബാബു, പി.സി വിഷ്ണുനാഥ് എം.എൽ.എ , സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു തുടങ്ങിയവർ സംസാരിച്ചു.